സൗദിയില്‍ സമൂല പരിഷ്‌കാരം വരുന്നു; നിയമങ്ങള്‍ പൊളിച്ചെഴുതും, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന പദ്ധതികളിലാണ് നിയമ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി ഭരണകൂടം തന്നെ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതിയിലാണ് ജനജീവിതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സൗദിയില്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ ചിട്ടകളും എടുത്തു കളയുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദേശങ്ങളുടെ പകര്‍പ്പ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. അതിലെ സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ…

സാധാരണ ചെയ്യുന്നത്
സൗദിയില്‍ സാധാരണ പ്രാര്‍ഥനയ്ക്ക് ബാങ്ക് വിളിച്ചാല്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ അത്ര ഗൗരവത്തില്‍ ഈ നിയന്ത്രണമില്ല. പക്ഷേ, ഇത്തരം അടയ്ക്കലുകള്‍ ആവശ്യമില്ലെന്നാണ് പുതിയ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടയ്ക്കുക എന്ന രീതി ഒഴിവാക്കണമെന്നാണ് ഒരു നിര്‍ദേശം.

കൂടിച്ചേരലുകള്‍
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ചേരുന്നതിന് സൗദിയില്‍ നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം ഒഴിവാക്കണമെന്നാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ള മറ്റൊരു നിര്‍ദേശം. സ്ത്രീകള്‍ക്ക് സൗദി അറേബ്യ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്യപുരുഷന്‍മാരും സ്ത്രീകളും ഇടകലര്‍ന്ന് ഇരിക്കുന്നതും ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.

236 പേജുള്ള ഡോക്യുമെന്റ്
ഈ രണ്ട് കാര്യങ്ങളാണ് പുതിയ നിര്‍ദേശത്തില്‍ വ്യത്യസ്തമായിട്ടുള്ളതെന്ന് എന്‍ഡിടിവിയും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു. ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമിന്റെ ഭാഗമായുള്ള 236 പേജുള്ള ഡോക്യുമെന്റ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തായിട്ടാണ് രണ്ട് വിവാദ നിര്‍ദേശങ്ങള്‍.

അടിയന്തരമായി ചെയ്യേണ്ടത്
അടിയന്തരമായി വേണ്ട നിയമ ഭേദഗതികള്‍ എന്ന ഡോക്യുമെന്റിലെ ഭാഗത്താണ് ഈ രണ്ട് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് നിര്‍ദേശങ്ങളും സൗദിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായേക്കാം. ഡോക്യുമെന്റിലെ 156ാം പേജിലാണ് ഈ നിര്‍ദേശങ്ങള്‍.

ഇളവുകള്‍ ഇങ്ങനെയും
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സിനിമാ നിയന്ത്രണം എടുത്തുകളഞ്ഞത്, സ്‌പോണ്‍സര്‍ ചെയ്യുന്ന സംഗീത വിരുന്നില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് എത്താന്‍ സാധിക്കുന്നത് തുടങ്ങിയ ഇളവുകളെല്ലാം സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)