മയ്യനാട് ∙ നാടൊട്ടുക്കു ശുചിത്വത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന പഞ്ചായത്തിന്റെ മൂക്കിനു താഴെ മാലിന്യം കുന്നുകൂടിയിട്ടും നടപടിയെടുക്കേണ്ടവർ മൂക്കു പൊത്തുന്നു. മയ്യനാട് പഞ്ചായത്ത് ഒാഫിസിനോടു ചേർന്നുള്ള ചന്തയിൽ മാലിന്യം കുന്നുകൂടിയിട്ടും മാറ്റാൻ അധികൃതർക്കു നേരമില്ല. പല ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഒാഫിസിൽ ചെല്ലുന്നവരെയും അസഹനീയ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ട്. പഞ്ചായത്ത് ഒാഫിസിനോടു ചേർന്ന മതിലിനു സമീപം മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
മാലിന്യക്കൂമ്പാരത്തിൽ മലിനജലം കെട്ടിക്കിടന്നു പുഴുവരിച്ചു. ചന്തയിൽ എത്തുന്നവർ ഇതു കാണുന്നതോടെ മീൻ മീൻ വാങ്ങാതെ പോകുന്ന അവസ്ഥയാണ്. മണൽ കലർന്ന മീൻവെള്ളം ചന്തയിലെ ഒാടയിലേക്കു മീൻ വിൽപനക്കാർ തള്ളുന്നതിനാൽ ഒാട നിറഞ്ഞു കവിഞ്ഞു. ദിവസേന ചന്ത ശുചിയാക്കുന്നില്ലെന്ന് ആരോപണവുമുണ്ട്. കാര്യങ്ങൾ ഗുരുതരമായിട്ടും അധികൃതർക്കു കുലുക്കമില്ല. ചന്ത ആധുനികീകരിച്ചതിന്റെ ഭാഗമായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക മീൻ വിൽപനക്കാരും ചന്ത കെട്ടിടത്തിനു പുറത്തുള്ള വരാന്തയിലാണു കച്ചവടം നടത്തുന്നത്. മാലിന്യം കുന്നുകൂടിയതോടെ ചന്തയിൽ എത്തുന്നവരും കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്.