മയ്യനാട് എൽപിബിഎസ് കെട്ടിടത്തോട് എന്തിനിത്ര അവഗണന?

മയ്യനാടിൻ്റെ വിദ്യാഭ്യാസ ചരിത്ര രേഖകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാക്കോട്ട് മൂല എൽപിബിഎസ് കെട്ടിടം നാശത്തിൻ്റെ വക്കിലായി. 1872 ൽ ഓലമേഞ്ഞ കൂരയിൽ സ്ഥാപിതമായ ഈ സ്കൂളിലാണു തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ അറിവിൻ്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. പിന്നീടാണ് കെട്ടിടം ഇന്നു കാണുന്ന രൂപത്തിലാക്കിയത്. പുല്ലിച്ചിറ കക്കോട്ട് മൂല റോഡിനരുകിൽ ഇന്നും ഈ വിദ്യാലയം ഉണ്ട്. അറിവിൻ്റെ പാഠങ്ങൾ മുഴങ്ങിയിരുന്ന ഇവിടെ ഇന്ന് അച്ചടി ശാലയിലെ യന്ത്രങ്ങളുടെ മുരൾച്ചയാണ് കേൾക്കുന്നത്.

കാലാന്തരത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു. മയ്യനാട്ടും സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതിൻ്റെ ആദ്യ നൊമ്പരങ്ങൾ കേട്ടു തുടങ്ങിയത് മയ്യനാട്ടെ ഈ വിദ്യാലയത്തിലാണ്. 2000ൽ വിദ്യാലയത്തിനു താഴിട്ടു. പിന്നീട് ഇവിടെ കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗ് ആരംഭിച്ചു. ഇരുപതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. എന്നാൽ നാളിതുവരെ അറ്റകുറ്റപണി ചെയ്ത് കെട്ടിടം സംരക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മേൽക്കൂരയിൽ പാകിയ ഓടുകൾ എല്ലാം പൊട്ടി. മഴവെള്ളം വീഴാതിരിക്കാൻ ടാർപൊളിൻ കെട്ടി താൽക്കാലിക പരിഹാരം കണ്ടു. കഴുക്കോലുകൾ എല്ലാം ചിതലെടുത്തു.

കെട്ടിടത്തിന്റെ വരാന്തയെ താങ്ങി നിർത്തുന്ന തൂണുകൾ ദ്രവിച്ചു. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം നിലം പൊത്തും. കെട്ടിടം അപകടാവസ്ഥയിലായിട്ടും അധിക്യതർക്കു കുലുക്കമില്ല. കെട്ടിടം പൊളിഞ്ഞാൽ സ്ഥാപനം മറ്റെവിടെക്കെങ്കിലും മാറ്റാനാണ് ഉദ്ദേശം. ഇങ്ങിനെ വന്നാൽ ചരിത്രമുറങ്ങുന്ന ഈ കെട്ടിടം വിസ്മൃതിയിലാകും. കെട്ടിടം സംരക്ഷിച്ച് സാംസ്കാരിക നിലയമാക്കാൻ അധികൃതർ തയ്യാറാവണമെന്നാണു പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)