മയ്യനാട്ട് ലൈനില്‍ മരം വീണു; കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

കൊല്ലം: ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളേയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം മണിക്കൂറുകളാണ് വൈകിയോടുന്നത്. ഈ ട്രെയിനുകള്‍ വൈകിയത് കേരളത്തിലെ മറ്റു ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു.
 

ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് തിരുവനന്തപുരം മംഗലാപുരം – മാവേലി എക്‌സ്പ്രസും മലബാര്‍ എക്‌സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകിയോടുന്നത്. ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 1.20 മണിക്കൂറും, തിരുവനന്തപുരം – ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം – പാലക്കാട് അമൃത എക്‌സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്.

 മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപത്തും കുളങ്ങര കല്ലുംമൂടിനു സമീപത്തുമാണ് മരം വീണത്. രാത്രി എട്ടോടെ പെയ്ത ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങള്‍ നിലംപൊത്തിയത്. മയ്യനാട് ചന്ദ്ര പ്രസിന് സമീപം സ്വകാര്യ പുരയിടത്തില്‍ വലിയ ആഞ്ഞിലിമരമാണ് ആദ്യം വീണത്. റെയില്‍പ്പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ പൊട്ടിവീണതോടെ കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
 
 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)