പന്തുരുളുന്നത് റഷ്യയിൽ; കാഴ്ചവട്ടം ഒരുക്കി മയ്യനാട്

മയ്യനാട്: തിരഞ്ഞെടുപ്പുകളെ വെല്ലുന്ന ആവേശത്തിലാണ് മയ്യനാട് പ്ലാവിളമുക്കിലെയും ധവളക്കുഴിയിലെയും ഫുട്ബോൾ പ്രേമികൾ. ലോകകപ്പിന് ഇന്നു രാത്രി വിസിൽ മുഴങ്ങുന്നതിനു മുന്നോടിയായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് കായികപ്രേമികൾ. അർജന്റീന, ബ്രസീൽ ടീം ആരാധകരാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഫുട്ബോൾ മാമാങ്കത്തിനു വർണ ചാരുതയേകാൻ മുൻപന്തിയിലുള്ളത്. ഒരാഴ്ച മുൻപു തന്നെ ഇതിന് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

ഫുട്ബോൾ ലഹരി തലയ്ക്കു പിടിച്ച ഇവർ രാത്രിയും പകലും ലോകകപ്പിനു വേണ്ടി നടത്തുന്ന ഒരുക്കങ്ങൾ കണ്ടാൽ അദ്ഭുതം തോന്നും. പ്ലാവിള മുക്കിൽ ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ സ്ട്രൈക്കർമാരുടെയും ചുവർചിത്രങ്ങളും വരയ്ക്കുന്നുണ്ട്. എല്ലാവരും കയ്യും മെയ്യും മറന്നു തങ്ങളുടെ ഇഷ്ട ടീമിന്റെ പ്രചാരണം ഉച്ചസ്ഥായിലെത്തിക്കാനുള്ള തത്രപ്പാടിലാണ്. ചുവരെഴുത്തും ഫ്ലെക്സ് പ്രളയവുമാണ് ഇത്തവണത്തെ ലോകകപ്പിനും മുന്നിൽ. പ്ലാവിള മുക്ക് അർജന്റീന ആരാധകരാണ് കയ്യടക്കിയിരിക്കുന്നത്.

അർജന്റീന ടീമിലെ 18 അംഗങ്ങളുടെയും തനിച്ചുള്ള ഫ്ലെക്സുകൾ ഇവിടെ നിരന്നു കഴിഞ്ഞു. ധവളക്കുഴി എമിനന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധവളക്കുഴിയിൽ ബ്രസീൽ, അർജന്റീന ടീം അംഗങ്ങളുടെ തനിച്ചുള്ള ഫ്ലെക്സുകളും റോഡരികിൽ നിരത്തിയിട്ടുണ്ട്. പ്രത്യേകം പന്തൽ ഒരുക്കി വലിയ എൽഇഡി സ്ക്രീനിൽ കളി കാണാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇന്നു വൈകിട്ടു ലോകകപ്പ് വിളംബര ഘോഷയാത്ര നടത്തും. കപ്പ് ആരെടുത്താലും മുൻവർഷങ്ങളെപ്പോലെ ലോകകപ്പ് തീരും വരും ഇതേ ആവേശം ഉണ്ടായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)