കൊല്ലം റെയിൽവേ രണ്ടാം പ്രവേശന കവാടം ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകും

കൊല്ലം ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്രവേശന കവാടം ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. നടപ്പാലത്തിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്നതിന്റെ നിർമാണമാണ് ഇനിയുള്ളത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്നു പ്രവർ‍ത്തനം വിലയിരുത്തുകയായിരുന്നു എംപി.

ഇതുവരെ ഇങ്ങനെ…
ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ, അഞ്ച് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, പാർക്കിങ് ഏരിയ, രണ്ടു വീതം ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ നിർമാണമാണു നടക്കുന്നത്. 11 കോടി രൂപയാണു ചെലവ്. എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പ്രവേശന കവാടത്തിന്റെയും അനുബന്ധ മതിലിന്റെയും നിർമാണവും ഒക്ടോബറിൽ പൂർത്തിയാക്കും.

റെയിൽവേ സ്റ്റേഷനിൽ 32 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം മേൽക്കൂരയുടെ നിർമാണം പൂർത്തിയാക്കി. 52 ലക്ഷം രൂപ ചെലവിൽ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം പുതുക്കിപ്പണിതു. ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം 27 ലക്ഷം ചെലവിൽ നിർമിച്ചു.

അടിയന്തര മെഡിക്കൽ സഹായകേന്ദ്രം ആരംഭിക്കും

ഗുഡ്ഷെഡിലേക്കുള്ള റോഡ് നിർമാണം, കൂടുതൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കൽ, പുതിയ പാഴ്സൽ ഓഫിസ് നിർമാണം എന്നിവ പൂർത്തീകരിച്ചു.

കൊല്ലത്തിനും മയ്യനാടിനും ഇടയിൽ നാലു ലെവൽ ക്രോസുകൾ മാറ്റി നിർമിക്കുന്നതിനു ഭരണപരമായ നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ശുപാർശ ലഭിക്കുന്നതനുസരിച്ചു മയ്യനാട് റെയിൽവേ മേൽപ്പാലത്തിന്റെ അനുമതിക്കായി നടപടി സ്വീകരിക്കും.

മയ്യനാട് റെയിൽവേ സ്റ്റേഷനിൽ 4.35 കോടി രൂപയുടെ നിർമാണം പൂർത്തിയാക്കി. രണ്ടാം പ്ലാറ്റ്ഫോം നീട്ടുന്നതിനും പ്ലാറ്റ്ഫോമുകളുടെ ഉയരവും നീളവും വർധിപ്പിക്കുന്നതിനും നടപ്പാലം നിർമാണം, അനുബന്ധ റോഡ് അറ്റകുറ്റപ്പണി എന്നിവയ്ക്കും 3.10 കോടിയുടെ പദ്ധതി സമർപ്പിച്ചു.

ഇരവിപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡ് പുതുക്കിപ്പണിയുന്നതിനും ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും നടപ്പാലം നിർമിക്കുന്നതിനും 225 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചു.

പരവൂർ റെയിൽവേ സ്റ്റേഷനിൽ 1.26 കോടി രൂപയുടെ നിർമാണം പൂ‍ർത്തിയാക്കി. പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കൽ, ട്രോളി പാത്ത് നിർമാണം, സ്റ്റേഷൻ – സർക്കുലേറ്റിങ് ഏരിയ നവീകരണം എന്നിവയ്ക്ക് 1.24 കോടി രൂപയുടെപദ്ധതി സമർപ്പിച്ചു.

പുതുതായി സമർപ്പിച്ച പദ്ധതികളുടെ നിർമാണം ഈ വർഷം ആരംഭിക്കുമെന്നു ഡിവിഷനൽ മാനേജർ അറിയിച്ചു. ഡിവിഷൻ മാനേജർ എസ്.കെ.സിൻഹ, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിഖ്, സീനിയർ ഡിവിഷനൽ എൻജിനീയർ രംഗരാജൻ, ദക്ഷിണമേഖല ഡിവിഷനൽ എൻജിനീയർ കാർത്തിക്, അസി. ഡിവിഷനൽ എൻജിനീയർ ശ്രീധർ, സ്റ്റേഷൻമാസ്റ്റർ അജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)