എൻ്റെ തെരുവിൽ എൻ്റെ പ്രതിഷേധം

16-April-2018

എൻ്റെ തെരുവിൽ എൻ്റെ പ്രതിഷേധം’; അണിനിരന്നത് പതിനായിരങ്ങൾ… ആളിക്കത്തിയ പ്രതിഷേധം…

തിരുവനന്തപുരം/ദില്ലി: കത്വയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങൾ. ബെംഗളൂരു സ്വദേശി അരുന്ധതി ഘോഷ് തുടക്കമിട്ട മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ് എന്ന സോഷ്യൽ മീഡിയ ക്യാമ്പയിന് പിന്നാലെയാണ് രാജ്യത്തെ വിവിധ തെരുവുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. പീഡനങ്ങളില്ലാത്ത ഇന്ത്യയാണ് ഞങ്ങൾക്ക് ആവശ്യം, പീഡകരെ തൂക്കിലേറ്റുക തുടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് ജനങ്ങൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലെ ആഹ്വാന പ്രകാരം രാജ്യത്തെ ആയിരക്കണക്കിന് തെരുവുകൾ ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ പ്രതിഷേധ കൂട്ടായ്മകൾക്ക് വേദിയായി. രാജ്യതലസ്ഥാനമായ ദില്ലി, പ്രധാന നഗരങ്ങളായ മുംബൈ, ബെംഗളൂരു, ഭോപ്പാൽ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങൾക്ക് പുറമേ വിവിധ ജില്ലകളിലെ പ്രധാന തെരുവുകളിലെല്ലാം ജനക്കൂട്ടം പ്രതിഷേധമറിയിക്കാനെത്തി. ഏപ്രിൽ 15ന് വൈകീട്ട് അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ആഹ്വാനം. മിക്കയിടങ്ങളിലും അഞ്ച് മണിക്ക് മുൻപ് തന്നെ ഒട്ടേറെപേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Optionally add an image (JPEG only)